തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ ഹൈക്കമാൻ്റ് തീരുമാനത്തിനായി വിടുകയായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്താണെന്ന് പരിശോധിക്കണം. രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായി നിരീക്ഷകർ സംസാരിക്കും. ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് ക്ഷണിക്കും. എത്രയും വേഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണം. അതല്ല അതിനുള്ളമാർഗം, പ്രകടനം നടത്തിയതുകൊണ്ട് കാര്യമില്ല. പേരാവൂരിൽ അടക്കം പ്രകടനം നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണ്. വലിയ വിജയത്തിൻ്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം പ്രവർത്തികളെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്നായിരുന്നു ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രവും പുറത്തുവിട്ടിരുന്നു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്.
