Home » Blog » kerala Max » പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി
8

സ്തനാർബുദ ബോധവൽക്കരണത്തിനായി ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ച 'റൈഡ് ഫോർ ലൈഫ്’ സൈക്ലത്തോൺ സിഒഒ ഡോ. ഷുഹൈബ് ഖാദർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡും സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ജെം കളത്തിൽ, മെഡിക്കൽ ഓങ്കോളജി കൺസൾട്ടൻ്റ് ഡോ. ദിലീപ് ഹരീന്ദ്രൻ വള്ളത്തോൾ എന്നിവർ സമീപം.

കൊച്ചി : സ്തനാർബുദ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി ‘റൈഡ് ഫോർ ലൈഫ്’ സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. സ്തനാർബുദം സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ബാധിക്കാം എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി എൻട്രൻസിൽ നിന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. “ഒരുമിച്ച് സഞ്ചരിക്കാം. അവളുടെ മാത്രമല്ല, അവന്റെയും” എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരുഷന്മാരും ഈ രോഗത്തെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി.

“സ്തനാർബുദ ബോധവൽക്കരണം സാധാരണയായി സ്ത്രീ കേന്ദ്രീകൃതമായാണ് കാണാറുള്ളതെങ്കിലും, റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്തനാർബുദ കേസുകളിൽ ഒരു ശതമാനം പുരുഷന്മാരിലാണ് കാണപ്പെടുന്നത്. കൃത്യമായ ബോധവൽക്കരണത്തിന്റെ കുറവുമൂലം പലപ്പോഴും വൈകിയാണ് പുരുഷന്മാരിൽ ഇത് തിരിച്ചറിയുന്നത്. നെഞ്ചിന്റെ ഭാഗത്ത് വേദനയില്ലാത്ത തടിപ്പുകളോ മാറ്റങ്ങളോ കണ്ടാൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാകണം. ലിംഗഭേദമന്യേ, രോഗം നേരത്തെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ പ്രതിരോധം.” – ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡും സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ജെം കളത്തിൽ പറഞ്ഞു.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി പ്രത്യേക പിന്തുണാ പദ്ധതിയായ ‘സഖി’യും വൺ-സ്റ്റോപ്പ് ബ്രെസ്റ്റ് ക്ലിനിക്കും സംയുക്തമായി നടത്തിയ സൈക്ലത്തോൺ ആസ്റ്റർ മെഡ്‌സിറ്റി മുതൽ ചിറ്റൂർ വരെയാണ് സംഘടിപ്പിച്ചത്. രോഗനിർണയത്തിലും പരിശോധനകളിലും നിലനിൽക്കുന്ന മടിയും ഭയവും മാറ്റി, കൃത്യമായ ആരോഗ്യപരിപാലനവും പരിശോധനകളും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിനാണ് ആസ്റ്റർ മെഡ്‌സിറ്റി പരിപാടി സംഘടിപ്പിച്ചത്. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി പ്രതിനിധികളും ആസ്റ്റർ അധികൃതരും ചടങ്ങിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *