പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയുടെ ശ്വാസകോശം കഴുകിയെടുത്തു

കൊച്ചി: പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായ 65-കാരിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പുതുജീവന്‍. ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശിനിക്ക് അപകടം ഉണ്ടായത്. മുറിയില്‍ തിങ്ങിനിറഞ്ഞ പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് വീട്ടമ്മയെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്.

വിദഗ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ പാലു പോലെയുള്ള വെളുത്ത ദ്രാവകം നിറയുന്ന പള്‍മണറി അള്‍വിയോളാര്‍ പ്രോട്ടിനോസിസ് സ്ഥിരീകരിച്ചു. ഇത് നീക്കാന്‍ 40 ലിറ്ററോളം ഇളംചൂടുള്ള ഉപ്പുവെള്ളം ശ്വാസകോശത്തിലൂടെ കടത്തിവിട്ട് കഴുകി കളയുന്നതായിരുന്നു ചികിത്സ. ഇത് പല ആവര്‍ത്തി നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ ദ്രാവകം നീക്കിക്കളയാനായത്.

അമൃത ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റ് ഡോക്ടര്‍ ടിങ്കു ജോസഫ് ആണ് അപൂർവമായ ചികിത്സാരീതി വീട്ടമ്മയിൽ നടത്തിയത്. ശരീരത്തില്‍ സര്‍ഫാക്ടന്റ് പ്രോട്ടീന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ശ്വാസകോശത്തില്‍ ഇത്തരം ദ്രാവകം അടിഞ്ഞുകൂടുന്നതെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ഡോ. ശ്രീരാജ് നായര്‍, ഡോ. തുഷാര മഠത്തില്‍, എബിന്‍ അഗസ്റ്റിന്‍ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *