
ബെംഗളൂരു: പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ജനതാദൾ എംപി പ്രജ്വൽ രേവണ്ണയുടെ ജയിൽ മുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ ഡസൻ കണക്കിന് അശ്ലീല വീഡിയോകളെന്ന് ഫോറൻസിക് റിപ്പോർട്ട്. ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ കഴിയുന്ന രേവണ്ണയുടെ പക്കൽ നിന്ന് കഴിഞ്ഞ മാസമാണ് ക്രൈം ബ്രാഞ്ച് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
ആഗസ്റ്റ് 11ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ രേവണ്ണയിൽ നിന്ന് ഫോണിനൊപ്പം ചാർജറും ഒരു പെൻഡ്രൈവും നോട്ട്ബുക്കും പിടിച്ചെടുത്തിരുന്നു. ഈ ഫോണും പെൻഡ്രൈവും ഉടൻ തന്നെ പരിശോധനാസംഘം ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇന്ന് പുറത്തുവന്നത്. പിടിച്ചെടുത്ത ഫോണിൽ ഡസൻ കണക്കിന് അശ്ലീല വീഡിയോകളും, പെൻഡ്രൈവിൽ വെബ് സീരീസുകളുമായിരുന്നെന്നാണ് റിപ്പോർട്ട്.
വിഐപി തടവുകാർക്ക് പ്രത്യേകം സംവിധാനങ്ങളൊരുക്കിയതിന്റെ പേരിൽ നേരത്തേയും ബെംഗളൂരു സെൻട്രൽ ജയിലിൽ വിവാദങ്ങളുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയും കേന്ദ്ര മന്ത്രിയായ എച്ച്.ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വൽ രേവണ്ണ. ഫോണ് എങ്ങനെ ലഭിച്ചു, ഡൗൺലോഡ് ചെയ്ത തീയതി, നിലവിലുള്ള മറ്റ് കേസുകളുമായുള്ള ബന്ധം എന്നിവ അടക്കം വ്യക്തമാകുന്നതിനായി വിദഗ്ധ ഫോറൻസിക് പരിശോധനയുടെ ഫലം ഉടൻ പുറത്തുവന്നേക്കും.
ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ കൈവശം വെച്ചതിന് പ്രജ്വൽ രേവണ്ണയ്ക്കും ഒപ്പമുണ്ടായിരുന്ന പ്രതാപ് റായ് എന്ന തടവുകാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാസൻ ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രജ്വൽ രേവണ്ണ, തന്റെ ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും മറ്റ് ലൈംഗികാതിക്രമ കേസുകളുടെ വിചാരണ ബാക്കിയുള്ളതും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ജയിലിനുള്ളിൽ നിന്നും പുതിയ വിവാദം പുറത്തുവന്നിരിക്കുന്നത്.
