കൊല്ലം: പി.എസ്.സിയിലെ ഗുരുതര ക്രമക്കേടുകളിൽ സമഗ്രമായ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ നേതാവ് ബി ബി ഗോപകുമാർ എംഎൽഎ. പി.എസ്.സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്കായി നടന്ന പരീക്ഷയിൽ അടിമുടി ക്രമക്കേടാണ് നടന്നിരിക്കുന്നത്. പി.എസ്.സിക്ക് ചില താൽപര്യങ്ങളുള്ളത് കൊണ്ടാണ് 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത്. ചിലരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബി.ബി. ഗോപകുമാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.സിയിൽ വ്യാപകമായ ക്രമക്കേടുകളും സിലബസ് അട്ടിമറിയും നടന്നിട്ടുണ്ടെന്നും, ഇതിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് വഞ്ചിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സി.ബി.ഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, സി.പി.എം നേതാക്കളായ ജോൺ ബ്രിട്ടാസ്, എം.എ. ബേബി എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ നൽകാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
“പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷനായി മാറിയിരിക്കുകയാണ്” എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നിരാശരായി ആത്മഹത്യ ചെയ്ത നിരവധി ഉദ്യോഗാർഥികളുണ്ട്. വെള്ളറട സ്വദേശി അനു, കോഴിക്കോട് സ്വദേശി മുസ്തഫ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയോയെന്നും അദ്ദേഹം ചോദിച്ചു.
