‘2018′, ‘രേഖാചിത്രം’, ‘ആട് 3’ തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് ശേഷം വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “പരിപാടി” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രശസ്ത താരം ജോജു ജോർജ് ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ബോക്സ് ഓഫീസിൽ തരംഗമായ ‘പണി’ എന്ന ചിത്രത്തിന് ശേഷം ജോജു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നൂറോളം പുതുമുഖങ്ങളെ അണിനിരത്തി വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികളും അഭിനേതാക്കൾക്കായുള്ള മൂന്ന് മാസത്തെ പ്രത്യേക ഗ്രൂമിങ് പ്രോഗ്രാമും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
സാങ്കേതിക മികവ് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ് ഈ ചിത്രം. ‘ടോക്സിക്’ ഉൾപ്പെടെയുള്ള നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്. കൂടാതെ, തെന്നിന്ത്യൻ സംഗീത മാന്ത്രികൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ‘പരിപാടി’ക്കുണ്ട്. കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
കേരളത്തിന് പുറമെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി ചിത്രീകരണം നടത്തുന്ന ‘പരിപാടി’, കാവ്യ ഫിലിം കമ്പനിയുടെ മുൻകാല ഹിറ്റുകളെപ്പോലെ നൂറ് കോടി ക്ലബ് ലക്ഷ്യമിട്ടുള്ള ഒരു പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം തീയേറ്ററുകളിലെത്തും. മനു ആന്റണി എഡിറ്റിംഗും അജയൻ അടാട്ട് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സാബു മോഹൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. വമ്പൻ താരനിരയും അണിയറ പ്രവർത്തകരും അണിനിരക്കുന്ന ഈ ചിത്രം ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും.
