മോഹൻലാലിനൊപ്പം യൂറോപ്യൻ പര്യടനത്തിലെ സ്റ്റേജ് ഷോയിൽ നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി സാനിയ ഇയ്യപ്പൻ. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായി ഇതിനെ വിശേഷിപ്പിച്ചത്.
ആദ്യം ഡാൻസ് പ്രാക്ടീസിന് എത്തിയപ്പോൾ മോഹൻലാലിനൊപ്പം എങ്ങനെ നൃത്തം ചെയ്യുമെന്ന നാണവും ആശങ്കയും തനിക്കുണ്ടായിരുന്നെന്ന് സാനിയ പറയുന്നു. എന്നാൽ സ്റ്റേജ് റിഹേഴ്സലിന്റെ സമയത്ത് അദ്ദേഹം നൽകിയ പിന്തുണയും തമാശകളും തങ്ങളെ ഏറെ കംഫർട്ടബിൾ ആക്കി. ജർമ്മനിയിലെ ഷോയിൽ റംസാനൊപ്പം നൃത്തം ചെയ്ത ശേഷം തിരികെ എത്തിയപ്പോൾ ബാക്ക് സ്റ്റേജിൽ വെച്ച് അദ്ദേഹം നൽകിയ പിന്തുണയും താരം ഓർക്കുന്നു.
‘പറക്ക പറക്ക’ എന്ന ഗാനത്തിന് മോഹൻലാലിനൊപ്പം നൃത്തം ചെയ്തപ്പോൾ താൻ സ്റ്റേജിലാണെന്ന കാര്യം പോലും മറന്നുപോയെന്നും സാനിയ വെളിപ്പെടുത്തി. “ഒരു പൂമ്പാറ്റയെപ്പോലെയാണ് ഞാൻ ആടിയത്. അദ്ദേഹം എന്നെ കറക്കുന്ന ഭാഗത്തൊക്കെ ഞാൻ അലിഞ്ഞുപോവുകയായിരുന്നു. ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്ന് പലരും കമന്റ് ചെയ്തിരുന്നു. അത്തരമൊരു അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്,” സാനിയ സന്തോഷത്തോടെ പറഞ്ഞു.
