
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സമരം ചെയ്യുന്നത് ജനാധിപത്യപരമായ അവകാശമാണെങ്കിലും അതിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ല. മാപ്പ് എഴുതി നൽകാൻ ആവശ്യപ്പെടുന്നത് സർവകലാശാലയുടെ അച്ചടക്ക നടപടിയുടെ ഭാഗമാണ്. വിഷയത്തിൽ സുപ്രീം കോടതി വിധി എന്തായാലും അത് പൂർണ്ണമായും പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കാലടി സർവകലാശാലയിൽ അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി നാളെ (നവംബർ 5) സുപ്രീം കോടതി പരിഗണിക്കും. ഹരജിക്കാർക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. സർവകലാശാല കോടതിയിൽ ഹാജരാക്കിയ ഹാജർ നില തെറ്റാണെന്നും, സസ്പെൻഷൻ കാലയളവ് കൂടി ഉൾപ്പെടുത്തിയാണ് ഹാജർ രേഖപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സസ്പെൻഷന് മുൻപ് പലർക്കും 90 ശതമാനത്തിലേറെ ഹാജർ ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ കൃത്യമാണെങ്കിൽ അവർക്കായി വീണ്ടും പരീക്ഷ നടത്താൻ സർവകലാശാലയോട് നിർദ്ദേശിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീതി ലഭിക്കുമെന്നും പരീക്ഷ എഴുതാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. സസ്പെൻഷനിലുള്ള 16 വിദ്യാർത്ഥികളിൽ 10 പേർക്ക് പരീക്ഷ എഴുതേണ്ടതുണ്ട്. ഇതിൽ 7 പേരുടെ പരീക്ഷ ഇന്ന് നടക്കുകയാണ്. സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് മറ്റ് വിദ്യാർത്ഥികൾ ഇന്ന് (നവംബർ 4) പരീക്ഷാ ഹാളിലെത്തിയത്.
