Home » Blog » kerala Max » പയ്യന്നൂർ സി.പി.എമ്മിൽ വൻ പുകില്; ‘രക്തസാക്ഷി ഫണ്ട് തട്ടിപ്പാണ് പരാജയത്തിന് കാരണം’, ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം
cpim0-680x450

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ നേതൃത്വം സ്വീകരിച്ച നിലപാടാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർച്ചയ്ക്ക് കാരണമായതെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് മൂന്ന് അംഗങ്ങൾ യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടു.

രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തവർക്കെതിരെ നടപടിയെടുക്കാത്തത് പാർട്ടിയുടെ പാരമ്പര്യത്തിന് മുറിവേൽപ്പിച്ചു. “രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക?” എന്ന ചോദ്യം യോഗത്തിൽ ഉയർന്നു. ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം നിസ്സാരനായി കണ്ടു. എന്നാൽ പ്രാദേശിക നേതാക്കളും അണികളും രഹസ്യമായി കുഞ്ഞികൃഷ്ണനെ സഹായിച്ചത് വോട്ട് ചോർച്ചയ്ക്ക് ആക്കം കൂട്ടി. ഫണ്ട് തട്ടിപ്പിന്റെ കണക്ക് പുറത്തുവിടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ അന്നത്തെ പ്രതികരണം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. ഫണ്ട് തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയ മൗനം അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായെന്നും യോഗം വിലയിരുത്തി. സംഭവം പുനരന്വേഷിക്കണമെന്നും കർശന നടപടി വേണമെന്നുമാണ് ഭൂരിഭാഗം അംഗങ്ങളുടെയും ആവശ്യം.