Home » Blog » Top News » പമ്പയിൽ ശൗചാലയങ്ങളിലേക്കുള്ള ജലവിതരണം തടയാൻ സംഘടിത ശ്രമം; പോലീസിൽ പരാതി നൽകി
sabarimalanews-680x450

ശബരിമല തീർത്ഥാടനത്തിനിടെ പമ്പയിലെ നാല് ശൗചാലയ കോംപ്ലക്‌സുകളിലേക്കും പോലീസ് മെസിലേക്കുമുള്ള ജലവിതരണം തടസ്സപ്പെടുത്താൻ സംഘടിത ശ്രമം നടന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഞായറാഴ്ച (നവംബർ 15) വൈകീട്ടാണ് ഈ ഭാഗങ്ങളിലേക്ക് വെള്ളം എത്താത്തത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാൽവുകൾ മനപ്പൂർവം അടച്ചുവെച്ചതായി കണ്ടെത്തുകയും ഉടൻതന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സംഭവത്തിൽ ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇത്തവണ ആദ്യമായി പമ്പയിലെ ശൗചാലയ കോംപ്ലക്‌സുകൾ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് തീർത്ഥാടകർക്ക് സൗജന്യമായി നൽകുകയാണ്. മുൻകാലങ്ങളിൽ കോടികൾക്ക് ലേലത്തിനെടുത്ത ശേഷം, അഞ്ച് രൂപ മാത്രം വാങ്ങാൻ അനുമതിയുള്ളിടത്ത് 50 രൂപ മുതൽ 500 രൂപ വരെ തീർത്ഥാടകരിൽ നിന്ന് ഈടാക്കിയിരുന്നതായി കെ. ജയകുമാർ ചൂണ്ടിക്കാട്ടി. ശബരിമലയ്ക്ക് അപമാനകരമായ ഈ ചൂഷണം അവസാനിപ്പിക്കാനാണ് ശൗചാലയങ്ങൾ സൗജന്യമാക്കിയത്. ഇതിലൂടെ ലാഭം നഷ്ടപ്പെട്ടവരാണ് ജലവിതരണം തടസ്സപ്പെടുത്തി പ്രതികാര നടപടിക്ക് ശ്രമിക്കുന്നതെന്നും, വാൽവുകൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ വിരിവെക്കുന്നതിനായി വ്യാജ കൂപ്പണുകൾ അച്ചടിച്ച് തീർത്ഥാടകരിൽ നിന്ന് അമിത തുക ഈടാക്കുന്ന തട്ടിപ്പും ദേവസ്വം ബോർഡ് പിടികൂടി. അന്നദാനമണ്ഡപത്തിന് സമീപത്തെ വിരിവെപ്പ് കേന്ദ്രത്തിൽ പ്രസിഡന്റ് കെ. ജയകുമാർ നേരിട്ടുനടത്തിയ മിന്നൽ പരിശോധനയിലാണ് 53 ബണ്ടിൽ വ്യാജ കൂപ്പണുകൾ പിടിച്ചെടുത്തത്. 50 രൂപയാണ് വിരിവെക്കുന്നതിനുള്ള നിശ്ചിത തുകയെങ്കിലും, തുക രേഖപ്പെടുത്താത്ത കൂപ്പണുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിരിവെപ്പ് കേന്ദ്രത്തിന് നോട്ടീസ് നൽകിയതായും, വരും ദിവസങ്ങളിൽ മറ്റിടങ്ങളിലും കർശന പരിശോധന തുടരുമെന്നും കെ. ജയകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *