
പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെയും വ്യാജ തിരിച്ചറിയൽ കാർഡ് കേസ് പ്രതി ഫെന്നി നൈനാനെയും കേസിലെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. നിലവിലെ എഫ്.ഐ.ആറിലെ വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടനടിയുണ്ടാകുമെന്നാണ് സൂചന.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത രാജൻ ജോസഫിനെ അടൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലൻ ഉൾപ്പെടെയുള്ള പ്രവർത്തകർ സ്റ്റേഷനിൽ കയറി പ്രതിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ജൂലൈയിൽ നടന്ന ഈ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായതും, തുടർന്ന് ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തതും.
എന്നാൽ, പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് താൻ സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിക്രമത്തെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നിട്ടും തുടക്കത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ ഉൾപ്പെടുത്താതിരുന്നത് ഇവരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന വിമർശനം ശക്തമാണ്.
