Home » Blog » kerala Max » പങ്കാളി മഹികാ ശർമ്മയ്ക്ക് പത്ത് കോടിയുടെ ആഡംബര സൂപ്പർകാർ സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

ടി20 ലോകകപ്പ് വിജയത്തിന്റെ ആവേശം അടങ്ങുന്നതിന് മുൻപേ തന്റെ പങ്കാളി മഹികാ ശർമ്മയ്ക്ക് പത്ത് കോടി രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർകാർ സമ്മാനിച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ആരാധകരെ അമ്പരപ്പിച്ചു. വേഗതയുടെയും കരുത്തിന്റെയും പര്യായമായ ‘ഫെറാരി 12 സിലിണ്ടറി’ ആണ് ഹാർദിക് മഹികയ്ക്ക് സർപ്രൈസ് സമ്മാനമായി നൽകിയത്.

പുതിയ കാറിന് ഒരു പുരോഹിതന്റെ സാന്നിധ്യത്തിൽ മഹിക മന്ത്രോച്ചാരണങ്ങളോടെ പൂജ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഈ വമ്പൻ സമ്മാനത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കാറിനുള്ളിലിരുന്ന് ഹാർദിക് തന്നെയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ലോകകപ്പ് വിജയത്തിന് പിന്നാലെ മൈതാനത്ത് വെച്ച് ഇരുവരും ഒന്നിച്ചു വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ തരംഗമായിരുന്നു.

ആഡംബരത്തിന്റെ അവസാനവാക്കായ ഫെറാരി 12 സിലിണ്ടറി മോഡലിന് ഇന്ത്യയിൽ എക്സ്-ഷോറൂം വില 8.5 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. നികുതിയും മറ്റ് ചാർജുകളും ചേരുമ്പോൾ ഇതിന്റെ ഓൺ-റോഡ് വില പത്ത് കോടിക്ക് അടുത്തെത്തും. വെറും 2.9 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ സൂപ്പർകാറിന് മണിക്കൂറിൽ 340 കിലോമീറ്ററിലധികമാണ് പരമാവധി വേഗത. 6.5 ലിറ്റർ V12 എഞ്ചിൻ കരുത്ത് പകരുന്ന ഈ വാഹനത്തിൽ അത്യാധുനിക ഡിജിറ്റൽ ഡിസ്‌പ്ലേകളും അതീവ ആഡംബരമായ ഇന്റീരിയറുമാണ് ഒരുക്കിയിരിക്കുന്നത്.