കോട്ടയം: കോട്ടയം ക്നാനായ വലിയ പള്ളിയിൽ ‘നൻമ നേരും അമ്മ,വിണ്ണിൻ രാജകന്യ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിക്കുന്ന നടൻ ജഗദീഷിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മിഖിൽ കുര്യൻ എന്ന കീബോര്‍ഡിസ്റ്റാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാട്ടിനൊപ്പമുള്ള മിഖിലിന്റെ കീബോര്‍ഡ് വായനയും പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ഷറഫുദ്ദീൻ നായകനായ മധുവിധു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്നാണ് മിഖിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കുറിച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യാൻ 303 ദിവസമായി കാത്തിരിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
”മധുവിധു സിനിമ റിലീസ് ചെയ്യാൻ 303 ദിവസമായി കാത്തിരിക്കുയായിരുന്നു. അങ്ങനെ എനിക്ക് ഇത് നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിഞ്ഞു. ‘മധുവിധു’ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിഹാസ നടൻ ജഗദീഷ് സാറിനൊപ്പം ഈ പാട്ട് വായിക്കാൻ അവസരം ലഭിച്ചു. കോട്ടയം ക്നാനായ വലിയപള്ളിയിൽ വച്ചാണ് അവസരം ലഭിച്ചത്’ എന്നാണ് മിഖിൽ കുറിച്ചത്. നിരവധി പേരാണ് ജഗദീഷിനെയും മിഖിലിനെയും അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് മധുവിധു തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ ജഗദീഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു അരവിന്ദാണ് സംവിധാനം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് നായിക. സായ് കുമാര്‍, ബിന്ദു പണിക്കര്‍, അസീസ് നെടുമങ്ങാട്, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
