Home » Blog » kerala Max » നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
14

എറണാകുളം: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷകളിൽ വാദം പൂർത്തിയായിരുന്നു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തിരുന്നു. പ്രതികളുടെ രക്തവും മൂത്രവും പരിശോധിച്ചതിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അനുവദനീയമായ പരിധിയുടെ 5.3 മടങ്ങ് മദ്യം സുഹൈലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണ് പരിശോധനാഫലമെന്നും വാദിച്ചു.

അപകടത്തിന്റെ ആഘാതം വിലയിരുത്തുന്നതിനായി വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. രണ്ടാം പ്രതി മുതൽ നാലാം പ്രതി വരെയുള്ളവർ സുഹൈൽ മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും വാഹനം ഓടിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ രണ്ട് ദിവസത്തെ കസ്റ്റഡി മാത്രം മതിയാകില്ലെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഇതൊരു സാധാരണ വാഹനാപകടമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും വാദിച്ചു.

മരിച്ച ഗോപികയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകനും ജാമ്യാപേക്ഷയെ എതിർത്തു. അപകടത്തിനു പിന്നാലെ ‘എന്റെ ബാപ്പ നോക്കിക്കോളും’ എന്ന് പ്രതി പറഞ്ഞതായി അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നേരത്തേ ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്നും 24 മണിക്കൂറിലധികം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തുടർന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കേണ്ട സാഹചര്യമില്ലെന്നും വാദിച്ചു.

എന്നാൽ, കേസിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെയും മരിച്ചവരുടെ കുടുംബങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെയും വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *