Home » Blog » Kerala » നെടുംങ്കണ്ടം മിറാക്കിൾ : മോഹൻലാൽ–ദിലീഷ് പോത്തൻ ചിത്രം എത്തുന്നു
images - 2026-07-03T190135.149

മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെക്കാലമായി കാത്തിരുന്ന ആ മഹാത്ഭുതം സംഭവിക്കുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ലാലേട്ടൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു മാസ്സ് അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘ജോജി’ക്ക് ശേഷം നീണ്ട അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞാണ് ദിലീഷ് പോത്തൻ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന് ശേഷം ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ച ഒരു ‘ഡ്രീം ടീം’ തന്നെയാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്. ഹിറ്റ് മേക്കർ സുഷിൻ ശ്യാം സംഗീത സംവിധാനവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസയുടെ കോസ്റ്റ്യൂമും റോണക്സ് സേവ്യറിന്റെ മേക്കപ്പും ചിത്രത്തിന് മാറ്റുകൂട്ടും. ഭാവന റിലീസ് തിയേറ്ററുകളിൽ എത്തിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

 

മുൻപ് ചെയ്ത സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ, വലിയ വെല്ലുവിളികൾ നിറഞ്ഞ ഒരു തകർപ്പൻ ഫാമിലി ഡ്രാമയാണ് ‘നെടുങ്കണ്ടം മിറക്കിൾ’ എന്ന് സംവിധായകൻ ദിലീഷ് പോത്തൻ വ്യക്തമാക്കി. താൻ കേട്ടപ്പോൾ തന്നെ ഏറെ ആവേശം തോന്നിയ പ്ലോട്ടാണിതെന്നും, പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. നിലവിൽ ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായിക്കഴിഞ്ഞു. ദിലീഷ് പോത്തന്റെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ റിയലിസ്റ്റിക്കും എന്നാൽ അതിലേറെ എൻഗേജിംഗുമായ ഒരു ദൃശ്യവിരുന്നായിരിക്കും ലാലേട്ടൻ ചിത്രം സമ്മാനിക്കുക എന്ന കാര്യത്തിൽ സംശയമില്ല.