പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് പേര് നിർദ്ദേശിച്ച് സിപിഎം. പാലക്കാട് മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ടെത്തിയ പി. സരിന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന് ശേഷം പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി.
സരിന്റെ പേര് തീരുമാനിച്ചെങ്കിലും, യുഡിഎഫ് അടക്കമുള്ള എതിർ പാർട്ടികൾ ആരെ ഇറക്കുന്നു എന്ന് നോക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ. രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കുന്ന സാഹചര്യത്തിൽ ആലത്തൂരിൽ വി. പൊന്നുക്കുട്ടനെയും, നെൻമാറയിൽ കെ. പ്രേമനെയും പരിഗണിക്കുന്നു. മന്ത്രി എം.ബി. രാജേഷ് തൃത്താലയിൽ തന്നെ ജനവിധി തേടും. മറ്റ് സിറ്റിങ്ങ് എംഎൽഎമാരെയും നിലനിർത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശുപാർശ.
