Home » Blog » kerala Max » നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു; വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

നിയമസഭയിൽ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം മുഖ്യമന്ത്രി വി.ഡി. സതീശൻ ആരംഭിച്ചു. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ബജറ്റ് പ്രസംഗം തുടങ്ങിയ അദ്ദേഹം, വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ പുതുയുഗ കേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നതെന്നും കേരളത്തിന്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കേരളത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു

കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ടത് വലിയ ബാധ്യതയാണെന്നും കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. വാർഷിക പദ്ധതി അടങ്കലിൽ ആനുപാതികമായ കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, 35,000 കോടി രൂപയാണ് വാർഷിക പദ്ധതി അടങ്കലായി നിശ്ചയിച്ചിരിക്കുന്നത്. മുൻ ബജറ്റിൽ കേന്ദ്ര വിഹിതം തെറ്റായി കണക്കാക്കിയതിനാൽ 20,500 കോടി രൂപയുടെ കുറവ് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കിയതും ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രിയദർശിനി പദ്ധതിയെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ട്.