Home » Blog » crime » നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയും
11

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയും ഉണ്ടെന്ന് പൊലീസ്. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കി. പൊലീസിൽ പരാതി നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചതും സമ്മർദം കൂട്ടിയെന്ന് പൊലീസ് പറയുന്നു. 14,000 രൂപയാണ് നിതിൻ വായ്പയെടുത്തത്. പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഈ മാസം 9ന് നിതിൻ്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉൾപ്പെടെ 98 എണ്ണം വന്നു. ടീച്ചർ ലതയ്ക്കും നിരവധി കോളുകൾ വന്നിരുന്നു.

തുടർന്ന് അടുത്ത ദിവസം ടീച്ചർ, പ്രിൻസിപ്പലിന് പരാതി നൽകി. പ്രിൻസിപ്പലിൻ്റെയും ടീച്ചറിൻ്റെയും സാന്നിധ്യത്തിൽ നിതിൻ ലോൺ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഒഴിവാക്കാനാകില്ലെന്ന് ലോൺ ആപ്പ് സംഘം പറഞ്ഞു. ടീച്ചറിൻ്റെ നമ്പർ ലോൺ ആപ്പുകാർക്ക് നൽകിയത് താൻ അല്ലെന്നും നിതിൻ പറഞ്ഞു. പൊലിസിൽ പരാതി നൽകാൻ ഫോൺ മേശപ്പുറത്ത് വെച്ചുപോകാൻ പ്രിൻസിപ്പൽ നിതിനോട് ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. നിതിൻ്റെ ഫോണിലുള്ളത് ഏതാനും നമ്പറുകൾ മാത്രമാണ്. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിൻസിപ്പലിൻ്റെ മൊഴി. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിൻ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയിൽ വ്യക്തമായി.

ഇൻസ്റ്റ​ഗ്രാം ആപ്പ് വഴിയാണ് നിതിൻ ലോൺ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. ഏപ്രിൽ 6ന് 1000 രൂപ തിരിച്ചടച്ചു. 13,500 രൂപയാണ് നിതിന് വായ്പക്കാർ നൽകിയത്. ഒരു മാസത്തിനുള്ളിൽ 18,000 തിരച്ചടക്കണമെന്നായിരുന്നു വായ്പകാരുടെ ആവശ്യം.