
ന്യൂഡൽഹി: ഡൽഹി പോലീസിന്റെ നടപടികൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തലസ്ഥാനത്ത് ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിങ്ങളും നിങ്ങളുടെ പോലീസും എന്തിനാണ് സ്ത്രീകളെ ഇത്രയധികം ഭയപ്പെടുന്നത്? എന്ന് അമിത് ഷായോട് രാഹുൽ ഗാന്ധി ചോദിച്ചു. ഡൽഹി പോലീസ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ വനിതാ പ്രതിഷേധക്കാരോടും മാധ്യമപ്രവർത്തകരോടും പോലീസ് മോശമായി പെരുമാറിയെന്ന് പരാതിയുയർന്നിരുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ കൃത്യമായ ഒരു രീതി പ്രകടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ തുനിയുന്ന സ്ത്രീകളെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിഷേധത്തിനിടെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പങ്കെടുത്ത വനിതാ പ്രതിഷേധക്കാർക്ക് നേരെ ആൺ പോലീസുകാർ മോശമായി പെരുമാറിയതായി ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. വനിതാ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ പോലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും അവരെ ബലമായി വലിച്ചിഴക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പീഡന പരാതി നൽകിയിട്ടും ഒരു പോലീസുകാരനെതിരെ പോലും കേസെടുക്കാൻ തയാറായില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
കുറച്ചു ആഴ്ചകൾക്ക് മുൻപ് സാകേത് പോലീസ് സ്റ്റേഷനിൽ വച്ച് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ മാധ്യമപ്രവർത്തകരായ ഷാഹീനും നഫീസയും തന്നോട് പങ്കുവെച്ചിരുന്നു. പരാതി നൽകാൻ സ്ത്രീകൾ അഭയം പ്രാപിക്കുന്ന സ്റ്റേഷനിൽ വച്ചാണ് ഇത്തരമൊരു അതിക്രമം നടന്നത് എന്നത് ഞെട്ടിക്കുന്നതാണെന്ന് രാഹുൽ വ്യക്തമാക്കി. സമൂഹത്തിൽ സ്ത്രീകളെ സംരക്ഷിക്കാൻ ബാധ്യതയുള്ള പോലീസ് തന്നെ അവർക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഡൽഹി പോലീസ് ആരുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ഈ നാട്ടിലെ എല്ലാവർക്കും വ്യക്തമായി അറിയാം. സാകേത് പോലീസ് സ്റ്റേഷനിലെ അന്നത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം.
ദുരനുഭവം നേരിട്ട സാകേതിലെ മാധ്യമപ്രവർത്തകർക്കും ജന്തർ മന്തറിൽ അക്രമത്തിനിരയായ മുഴുവൻ സ്ത്രീകൾക്കും നീതി ലഭിക്കണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
