Home » Blog » kerala Mex » നാടിനെ നടുക്കിയ ദുരന്തം; ഗർഭിണിയും രണ്ട് മക്കളും കുളത്തിൽ മരിച്ച നിലയിൽ, ഭർത്താവ് പിടിയിൽ
dead-1-1072x659

തെലങ്കാനയിലെ ഹനുമകൊണ്ടയിൽ ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. ഹനുമകൊണ്ട സ്വദേശിനി ഫർഹത്ത് (26), മക്കളായ ഹുമേറ (8), ആയിഷ (6) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിൽ അസറുദ്ദീന്റെ കുടുംബത്തിന് സ്വന്തമായുള്ള സ്വകാര്യ നീന്തൽക്കുളത്തിലാണ് കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ കണ്ടെത്തിയത്. വൈകുന്നേരം കുടുംബത്തോടൊപ്പം അവിടെയെത്തിയപ്പോൾ ഭാര്യയും കുട്ടികളും അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് അസറുദ്ദീൻ പോലീസിന് നൽകിയ മൊഴി. നാട്ടുകാരെത്തി ഇവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു.

അസറുദ്ദീന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഫർഹത്തിന്റെ കുടുംബം ആരോപിക്കുന്നു. ആൺകുഞ്ഞില്ലാത്തതിൽ അസറുദ്ദീന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ അത് പെൺകുഞ്ഞായിരിക്കുമെന്ന് കരുതി അസറുദ്ദീൻ ഗർഭഛിദ്രത്തിനായി നിർബന്ധിച്ചിരുന്നു. ഗർഭഛിദ്രത്തിന് ഫർഹത്ത് സമ്മതിക്കാതിരുന്നതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസറുദ്ദീനെതിരെ പോലീസ് കേസെടുത്തു.