
കാഠ്മണ്ഡു: നേപ്പാളിൽ മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ ഹൈഡ്രോ പവർ പദ്ധതി ടണലിൽ നിന്ന് ഒൻപത് ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 26ന് ഉണ്ടായ മിന്നൽപ്രളയത്തിൽ ടണൽ മണ്ണിനടിയിലായ ഹൈഡ്രോപവർ ടണലിൽ നിന്ന് അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ രണ്ടുപേരെയും ചെളിയിൽ മൂടിയ നിലയിൽ പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രാദേശിക ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു.
രക്ഷപ്പെട്ടവരെ കബീർ മഹർജൻ, സഞ്ജയ് ഷാ എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് നേപ്പാൾ ആഭ്യന്തരമന്ത്രി സുധൻ ഗുരുങ് അറിയിച്ചു. 30കാരനായ സഞ്ജയ് ഷാ നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മെക്കാനിക്കൽ ഫോർമാനാണ്. 45 കാരനായ കബീർ മഹർജൻ ത്രിശൂലി-3എ ഹൈഡ്രോപവർ പദ്ധതിയിലെ സൂപ്പർവൈസറാണ്.
കബീർ മഹർജന്റെ സഹോദരൻ അമീർ മഹർജൻ രക്ഷാപ്രവർത്തനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ചു. “എനിക്ക് വളരെ സന്തോഷമുണ്ട്, എന്റെ ഹൃദയത്തിലെ ഭാരം കുറഞ്ഞതുപോലെ തോന്നുന്നു,” അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
അതേസമയം, ബിബിസി റിപ്പോർട്ട് പ്രകാരം, രക്ഷപ്പെടുത്തുമ്പോൾ സഞ്ജയ് ഷായ്ക്ക് സംസാരിക്കാനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ കാഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയർലിഫ്റ്റ് ചെയ്തു. അതേസമയം, കബീർ മഹർജൻ ബോധവാനായിരുന്നുവെന്നും അദ്ദേഹത്തെ കാഠ്മണ്ഡുവിലെ സൈനിക ആശുപത്രിയായ ചൗനി ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭാര്യ ബിബിസിയോട് പറഞ്ഞു.
ഓഗസ്റ്റ് 26ന് ഉണ്ടായ ശക്തമായ പ്രളയത്തിന് പിന്നാലെയാണ് ടണലിൽ തൊഴിലാളികൾ കുടുങ്ങിയത്. ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നേപ്പാളിലെ നിരവധി പട്ടണങ്ങളെയും താഴ്വരകളെയും പ്രളയം തകർത്തിരുന്നു. ത്രിശൂലി-3എ ടണലിൽ നിന്ന് കൂടുതൽ ആളുകളുടെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ടണലിനുള്ളിൽ ഇപ്പോഴും ജീവനോടെ ആളുകൾ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാളെ ചെളി നിറഞ്ഞ ടണൽ കവാടത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതും തുടർന്ന് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ എഴുന്നേൽപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഒരു നേപ്പാളി നിയമസഭാംഗം പുറത്തുവിട്ടു. മറ്റൊരു ചിത്രത്തിൽ ചെളിയിൽ പൊതിഞ്ഞ നിലയിൽ കൈകൾ കൂപ്പി പ്രാർഥിക്കുന്ന തൊഴിലാളിയെ ഓറഞ്ച് നിറത്തിലുള്ള സ്ട്രെച്ചറിൽ രക്ഷാപ്രവർത്തകർ കൊണ്ടുപോകുന്നതും കാണാം.
അതേസമയം, നേപ്പാളിലെ മറ്റ് ആറോളം ഹൈഡ്രോ പവർ ടണലുകളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടങ്ങളിൽ 150ലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക. രാജ്യത്തെ 12 ഹൈഡ്രോ പവർ പദ്ധതികളിലായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും ഇതിൽ 500ഓളം പേർ ടണലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കാമെന്നും പ്രാദേശിക അധികൃതർ അറിയിച്ചു. ടണലുകളിൽ കുടുങ്ങിയവർക്ക് ശ്വസിക്കാൻ ആവശ്യമായ വായു ലഭ്യമാക്കുന്നതിനായി എൻജിനീയർമാർ പമ്പുകൾ ഉപയോഗിച്ച് വായു അകത്തേക്ക് എത്തിക്കുന്നുണ്ട്.
പ്രളയത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 1,259 പേർ മരിച്ചതായും 5,000ലേറെ പേരെ ഇപ്പോഴും കാണാതായതായും രാജ്യത്തെ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. അതേസമയം, ടിബറ്റ് അതിർത്തി പ്രദേശത്ത് 21 പേർ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈന ബുധനാഴ്ച വൈകിട്ടോടെ അറിയിച്ചു.
