തൊഴിൽ വാഗ്ദാനം നൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രണ്ടുമാസത്തോളം ഒളിവിലായിരുന്ന ഇയാൾ മുൻപ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു. അടിയന്തരമായി കീഴടങ്ങണമെന്ന കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പ്രശോഭ് വത്സൻ പാലക്കാട്ടെത്തി പോലീസിന് മുന്നിൽ കീഴടങ്ങിയത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതി ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിക്കാൻ കോടതി തയ്യാറായില്ല.
ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് താമസസ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നും, തുടർന്ന് ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ രാഷ്ട്രീയ സ്വാധീനവും ബന്ധങ്ങളും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. പാലക്കാട് ടൗൺ സൗത്ത് പോലീസിലും മുഖ്യമന്ത്രിക്ക് നേരിട്ടും പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗൺസിലർക്കെതിരെ നടപടിയുണ്ടായത്. ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
