തിരുവനന്തപുരം : നരുവാമൂട്ടിൽ കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ വീട്ടിൽ നിന്നും മാരകായുധങ്ങളും തോക്കും പിടിച്ചെടുത്തു. വലിയറത്തല കൊണ്ടോട്ടി കിഴക്കുംകര സ്വദേശിയായ അജിത്ത് (22) എന്ന യുവാവാണ് സംഭവവുമായി ബന്ധപ്പെട്ട് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. വലിയറത്തല ഭാഗത്ത് വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഈ സമയം പൊലീസിനെ കണ്ട് പരിഭ്രാന്തനായി ഓടിയ അജിത്തിനെ പിന്തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കിടപ്പുമുറിയിലെ റാക്കിന് മുകളിൽ ഒളിപ്പിച്ച നിലയിൽ കൈതോക്കും രണ്ട് വടിവാളുകളും കത്തിയും കണ്ടെടുത്തത്.
പ്രതിയുടെ ദേഹപരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ താൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അനധികൃതമായി തോക്കും മാരകായുധങ്ങളും കൈവശം വെച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. സാധാരണക്കാരനായ ഈ യുവാവിന് മാരകമായ കൈതോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും, ഇയാൾക്ക് പിന്നിൽ ഏതെങ്കിലും ഗുണ്ടാ-ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതി മുൻപ് മറ്റേതെങ്കിലും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും നരുവാമൂട് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
