തെന്നിന്ത്യയുടെ പ്രിയ താരം തൃഷ കൃഷ്ണന്റെ ആസ്തിയും ജീവിതശൈലിയും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തമിഴ്, തെലുങ്ക് സിനിമാ രംഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ തൃഷയ്ക്ക് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘ഗില്ലി’, ‘സാമി’, ‘അഭിയും നാനും’, ‘വിണ്ണൈത്താണ്ടി വരുവായാ’, ‘മങ്കാത്ത’, ’96’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും, ‘വർഷം’, ‘നുവ്വോസ്താനന്റെ നെനൊദ്ദന്തനാ’ തുടങ്ങിയ തെലുങ്ക് ഹിറ്റുകളിലൂടെയും സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി താരം വളർന്നു. ‘പൊന്നിയിൻ സെൽവൻ’, ‘ലിയോ’ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം താരം തന്റെ പ്രതിഫലം ഉയർത്തിയിരുന്നു. നിലവിൽ ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വരെയാണ് തൃഷ ഈടാക്കുന്നത്. (മുൻപ് ഇത് 5 മുതൽ 10 കോടി രൂപ വരെയായിരുന്നു). ഇതിനുപുറമെ പ്രമുഖ ജ്വല്ലറി, ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലൂടെ പ്രതിവർഷം 9 കോടി രൂപയോളം താരം വരുമാനമായി നേടുന്നുണ്ടെന്ന് ‘ടൈംസ് എന്റർടൈൻമെന്റ്’ റിപ്പോർട്ട് ചെയ്യുന്നു.
ചെന്നൈയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിലാണ് തൃഷ താമസിക്കുന്നത്. ബീജ്, ബ്രൗൺ, മ്യൂട്ടഡ് ഗോൾഡ് ഷേഡുകളും ആകർഷകമായ ആർട്ട് വർക്കുകളും പെയിന്റിംഗുകളും നിറഞ്ഞ മനോഹരമായ ഇന്റീരിയറും വലിയ വോക്ക്-ഇൻ വാർഡ്രോബും ഈ വീടിന്റെ പ്രധാന പ്രത്യേകതകളാണ്. ഇതിനുപുറമെ, തെലുങ്ക് സിനിമകളുടെ ചിത്രീകരണ വേളയിൽ താമസിക്കുന്നതിനായി ഹൈദരാബാദിൽ 6 മുതൽ 6.5 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര വസതിയും നടിക്കുണ്ട്. കൂടാതെ, ലണ്ടനിലും താരത്തിന് ഒരു വീടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ഏകദേശം 3 മുതൽ 4 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര കാറുകൾ തൃഷയുടെ ഗാരേജിലുണ്ട്. മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്, മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ്, ബി.എം.ഡബ്ല്യു. 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ഓഡി തുടങ്ങിയ പ്രീമിയം ബ്രാൻഡ് വാഹനങ്ങൾ താരത്തിന് സ്വന്തമായുണ്ട്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിലെ കഠിനാധ്വാനവും കൃത്യമായ നിക്ഷേപങ്ങളുമാണ് തൃഷയെ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഒരാളാക്കി മാറ്റിയത്.
