
തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. തൃശ്ശൂർ പൂരം അട്ടിമറിയിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി സർക്കാരിന് കൈമാറും. 7 മാസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പൂഴ്തിയിരുന്ന റിപ്പോർട്ടാണ് സർക്കാരിന് മുന്നിലേക്ക് എത്തുന്നത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം പ്രതി ചേർത്ത് പ്രത്യേക സംഘം ഏഴ് മാസം മുമ്പ് നൽകിയ റിപ്പോർട്ട് ഇന്നലെയാണ് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറിയത്.
നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ വിമര്‍ശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഗിരീഷ് കുമാർ, പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കാണാനും തീരുമാനം. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം.
