
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതോടെ മഴ വീണ്ടും കനക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് ( ഒക്ടോബർ 16) കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. ശനിയാഴ്ച ( ഒക്ടോബർ 17) പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച ( ഒക്ടോബർ 18) കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 19 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നീ പ്രദേശങ്ങളിൽ തുലാവർഷം ആരംഭിച്ചതായും, ഇതിനോടൊപ്പം രാജ്യത്തുനിന്ന് കാലവർഷം പൂർണ്ണമായും പിൻവാങ്ങിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലായും നിലനിൽക്കുന്ന ചക്രവാതച്ചുഴികളാണ് മഴ ശക്തമാകാൻ കാരണം.
പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ കാലാവസ്ഥ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ശക്തമായ മഴയിൽ നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ലെന്നും ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
