Home » Blog » kerala Max » തീവ്രമഴ മുന്നറിയിപ്പ്; നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ ജാഗ്രത
rain-tamil-nadu-680x450

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന്റെയും, തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി രൂപപ്പെട്ടിരിക്കുന്ന ഈ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ രണ്ട് മുതൽ ജൂലൈ ആറ് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ചില ഭാഗങ്ങൾ ഒഴികെ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും കാലവർഷം ശക്തമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാജ്യത്ത് കാലവർഷം കൂടുതൽ സജീവമാകും. കൊങ്കൺ മഹാരാഷ്ട്ര ബെൽറ്റ്, മധ്യ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു.