കേരള തീരത്ത് വൻ തിരമാലകൾക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 9:15-ഓടെ തീരപ്രദേശങ്ങളിൽ ‘കവചം’ (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങിത്തുടങ്ങിയത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച വൈകീട്ടുവരെയാണ് ഈ പ്രതിഭാസത്തിന് സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ള തീരദേശ പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്ന് കർശന നിർദ്ദേശമുണ്ട്. മുൻകരുതലിന്റെ ഭാഗമായി കടലിൽ പോകുന്നതിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
അപ്രതീക്ഷിതമായി കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരത്തോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. സർക്കാർ സംവിധാനങ്ങളും ദുരന്തനിവാരണ സേനയും എത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായി രംഗത്തുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് ഈ ഘട്ടത്തിൽ ഏറ്റവും മുൻഗണന നൽകുന്നത്.
പ്രകൃതിയുടെ ഈ മുന്നറിയിപ്പ് അവഗണിക്കാതെ, തീരവാസികൾ എല്ലാവരുംതന്നെ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു.
