Home » Blog » Kerala » തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി
15

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തിരഞ്ഞെടുപ്പ് അസാധുവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്. സത്യപ്രതിജ്ഞ അസാധുവായ കൗൺസിലർമാർ വോട്ടെടുപ്പിൽ പങ്കെടുത്തതാണ് തിരഞ്ഞെടുപ്പിന്റെ നിയമസാധുതയെ ബാധിക്കുന്നതെന്നാണ് ഹർജിയിലെ വാദം.

മുൻപ് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ ബിജെപി കൗൺസിലർമാർ മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാൽ ആ വോട്ടുകൾ സാധുവായി കണക്കാക്കാനാകില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വോട്ടുകൾ ഉൾപ്പെടുത്തി നടത്തിയ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സത്യപ്രതിജ്ഞ അസാധുവാക്കിയ 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ മൂന്ന് ആഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ദൈവത്തിന്റെയോ ഭരണഘടന നിർദേശിക്കുന്ന രീതിയിലോ അല്ലാതെ വിവിധ ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ സത്യപ്രതിജ്ഞ നടത്തിയെന്നാണ് നേരത്തെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. തുടർന്ന് നിയമപ്രകാരം നിർബന്ധമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി അവരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയായിരുന്നു. നാല് ആഴ്ചയ്ക്കകം നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിലർ എന്ന നിലയിലെ അധികാരങ്ങൾ വിനിയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പഞ്ചായത്ത് രാജ് നിയമത്തിലും മുനിസിപ്പൽ നിയമത്തിലും നിർദേശിച്ചിരിക്കുന്ന രീതിയിലാണ് സത്യപ്രതിജ്ഞ നിർവഹിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കാപ്പ നിയമപ്രകാരം തടവിലായിരുന്ന കൗൺസിലർ സുഗതന്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ മേയർ തിരഞ്ഞെടുപ്പിന്റെ സാധുതയും ചോദ്യം ചെയ്ത് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിലെ വാദങ്ങളും എതിർകക്ഷികളുടെ വിശദീകരണവും പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികളിൽ കോടതി തീരുമാനം എടുക്കുക.