Home » Blog » Kerala » “തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്, സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു” – കുറിപ്പുമായി ജില്ലാകമ്മിറ്റി
6

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിൽ കണ്ണൂർ ഘടകത്തിന് വീഴ്ചപറ്റിയിട്ടില്ലെന്നും, തെറ്റുപറ്റിയെങ്കിൽ അത് സംസ്ഥാന നേതൃത്വത്തിനാണെന്ന തിരുത്തലുമായി ജില്ലാകമ്മിറ്റിയുടെ കുറിപ്പ്. ഇക്കാര്യം കീഴ്ഘടകങ്ങളിൽ വിശദീകരിക്കുകയും ചെയ്തു. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിൽ കണ്ണൂർ ഘടകത്തിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെയാണ് സംഘടനയ്ക്കുള്ളിൽ തന്നെ തിരുത്തൽ നടത്തി കണ്ണൂർ ജില്ലയിലെ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

“പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ വീഴ്ച കണ്ണൂർ ജില്ലാകമ്മിറ്റി റിവ്യു റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ സ്വയം വിമർശനമായി അംഗീകരിച്ചിട്ടുണ്ട്. ജില്ലാക്കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകുമ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്” – ഇതാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത്. മാത്രമല്ല, വീഴ്ച ജില്ലാകമ്മിറ്റിക്കാണ് സംഭവിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പരസ്യമായി പറയുകയും ചെയ്തു. ഇതിനെയാണ് പൂർണമായും തിരുത്തി ജില്ലാകമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്

“ജില്ലാസെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി നിർദ്ദേശങ്ങൾ തയ്യാറാക്കിയപ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. എല്ലാ അഭിപ്രായങ്ങളും പാർട്ടി സംസ്ഥാന സെന്ററിന് മുമ്പാകെ എഴുതി സമർപ്പിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളെല്ലാം കണക്കിലെടുത്താണ് സംസ്ഥാനകമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നൽകിയത്. ജില്ലാ സെക്രട്ടറിയേറ്റും ജില്ലാകമ്മിറ്റിയും മണ്ഡലം കമ്മിറ്റിയുമെല്ലാം സംസ്ഥാന നേതൃത്വത്തിലുള്ള സഖാക്കളുടെ സാന്നിധ്യത്തിലാണ് ചേർന്നത്. സ്ഥാനാർത്ഥി സംബന്ധിച്ച് ഉയർന്നുവന്ന വിമർശനങ്ങൾ, മണ്ഡലത്തിലെ വോട്ടർപട്ടികയിലുണ്ടായ മാറ്റം ഉൾപ്പെടെയുള്ളവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു” – ഇതാണ് കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ ജില്ലാസെക്രട്ടറിയേറ്റ് നൽകിയ കുറിപ്പിൽ പറയുന്നത്.

ജില്ലാകമ്മിറ്റിക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കിലും അതുപോലെ തന്നെയുള്ള വീഴ്ച സംസ്ഥാന നേതൃത്വത്തിനുമുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്. എന്നാൽ, സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും ജില്ലാകമ്മിറ്റിയുടെ വീഴ്ചയായി പറയുന്ന കാര്യങ്ങളാണ് കണ്ണൂർ ഘടകം പൂർണമായും തള്ളുന്നത്. കേന്ദ്ര- സംസ്ഥാന കമ്മിറ്റികളുടെ റിപ്പോർട്ട് പാർട്ടിഘടകങ്ങളിൽ വിശദീകരിച്ചതാണ്. ഇതിനൊപ്പമാണ്, ആ വീഴ്ചകളൊന്നും തങ്ങളുടേതല്ലെന്ന് ജില്ലാസെക്രട്ടറിയേറ്റ് പ്രത്യേകം കുറിപ്പിറക്കി തള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *