Home » Blog » Kerala » ട്രോളുകളുടെ പേരിൽ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ജീവനക്കാരെ സ്ഥലം മാറ്റുന്നത് അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
10

തിരുവനന്തപുരം: കൂട്ടസ്ഥലമാറ്റവും ബന്ധു നിയമനവും നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. പവർ ബ്രോക്കർമാർ അധികാരത്തിന്റെ ഇടനാഴിയിൽ ഇടംപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ചുരുങ്ങിയ കാലയളവിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥലംമാറ്റി. കുടുംബശ്രീയിൽ നോട്ടീസ് നൽകാതെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. ട്രോളുകൾ പങ്കുവെച്ചതിന്റെ പേരിൽ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്ന സർക്കാരിന്റെ നടപടി കടുത്ത അസഹിഷ്ണുതയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

എന്നാൽ, പിണറായി സർക്കാരിന്റെ കാലത്ത് തലങ്ങും വിലങ്ങും സ്ഥലംമാറ്റം നടന്നുവെന്നും കഴിഞ്ഞ സർക്കാരിനെ ഒരു കാരണവശാലും യുഡിഎഫ് മാതൃകയാക്കില്ലെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപോയി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിൽ സണ്ണി ജോസഫ് പ്രതികരിച്ചില്ല.

വകുപ്പ് മന്ത്രിമാർ ആരാണെന്ന് നിശ്ചയിക്കുന്നതിന് മുൻപ് തന്നെ ചില സർവീസ് സംഘടനകൾ നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി സ്ഥലംമാറ്റങ്ങൾ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്കൂൾ-കോളേജ് അഡ്മിഷൻ നടപടികളും വില്ലേജ് ഓഫീസുകളിലെ അധ്യയന വർഷാരംഭ തിരക്കുകളും നിലനിൽക്കുന്ന മേയ്, ജൂൺ മാസങ്ങളിൽ വില്ലേജ് ഓഫീസർമാരെ ഉൾപ്പെടെ തലങ്ങും വിലങ്ങും മാറ്റുന്നത് പൊതുജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണപക്ഷം മറുപടി നൽകി. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ കാലത്താണ് യാതൊരു മാനദണ്ഡവുമില്ലാതെ പ്രതികാരബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങൾ നടന്നതെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. അക്കാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ഉറപ്പാക്കാനും ഭരണസൗകര്യത്തിനുമുള്ള മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ വരുത്തിയിട്ടുള്ളതെന്നും ചട്ടലംഘനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.