ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷങ്ങൾക്കിടയിൽ ക്രുണാൽ പാണ്ഡ്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി സഹതാരം രജത് പട്ടീദാർ. ഫൈനലിൽ നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രുണാലിന്റെ ബൗളിങ് ഗുജറാത്ത് ടൈറ്റൻസിനെ വരിഞ്ഞുമുറുക്കുന്നതിൽ നിർണായകമായിരുന്നുവെന്ന് പട്ടീദാർ ഓർമ്മിപ്പിച്ചു.
“ക്രുണാൽ പാണ്ഡ്യ ടീമിന് നൽകുന്ന ഊർജ്ജം വലുതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അദ്ദേഹം ടീമിനെ മികച്ചതാക്കുന്നു. ബാറ്റിങ് ഓർഡറിൽ എവിടെ ഇറങ്ങാനും അദ്ദേഹം സന്നദ്ധനാണ്; ടോപ്പ് ഓർഡറായാലും ലോവർ ഓർഡറായാലും ക്രുണാൽ തന്റെ കടമ ഭംഗിയായി നിറവേറ്റുന്നു. അദ്ദേഹത്തിന്റെ സമർപ്പണം വിലമതിക്കാനാവാത്തതാണ്,” രജത് പട്ടീദാർ പറഞ്ഞു
ഐപിഎൽ ചരിത്രത്തിൽ ക്രുണാൽ പാണ്ഡ്യയുടെ അഞ്ചാമത്തെ കിരീട നേട്ടമാണിത്. നേരത്തെ മുംബൈ ഇന്ത്യൻസിനൊപ്പം മൂന്ന് തവണ ജേതാവായ താരം, ഇപ്പോൾ തുടർച്ചയായ രണ്ടാം വർഷവും ആർസിബിക്കൊപ്പം കിരീടം സ്വന്തമാക്കിയിരിക്കുന്നു. വ്യക്തിഗത നേട്ടങ്ങളെക്കാൾ ഉപരി ടീമിന്റെ വിജയത്തിന് മുൻഗണന നൽകുന്ന താരമാണ് ക്രുണാലെന്നും, ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാനും അദ്ദേഹം മടികാണിക്കാറില്ലെന്നും പട്ടീദാർ കൂട്ടിച്ചേർത്തു.
