Home » Blog » kerala Max » ഞാൻ കയറിയ വേദി ശുദ്ധീകരിച്ചു; ദളിത് അപമാനത്തെക്കുറിച്ച് പറഞ്ഞ് മല്ലികാർജ്ജുൻ ഖാർഗെ! രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
MallikarjunKharge

മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നേരിടേണ്ടിവന്ന ജാതി അധിക്ഷേപത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണം നേരിടുന്ന ശ്രീരാമസേനയുമായി ബന്ധമില്ലെന്നാണ് ഉത്തരാഖണ്ഡ് ബി.ജെ.പിയുടെ നിലപാട്. സാംസ്കാരിക, ആധ്യാത്മിക പരിപാടികൾക്ക് മാത്രം ഉപയോഗിക്കുന്ന വേദിയിൽ രാഷ്ട്രീയ പരിപാടി നടത്തിയതുകൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നാണ് ശ്രീരാമസേനയുടെ വാദം.

വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പാർലമെന്റിനെ പ്രക്ഷുബ്ധമാക്കുന്നതായിരുന്നു ഖാർഗെയുടെ പരാതി. താൻ ദളിതനായതുകൊണ്ടാണ് അപമാനം നേരിടേണ്ടി വന്നതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും തുടരുകയാണെന്നും ഖാർഗെ രൂക്ഷമായി വിമർശിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിലപിക്കും പോലെയാണ് ഹൽദ്വാനിയിൽ നടന്ന സംഭവങ്ങൾ ഖാർഗെ രാജ്യസഭയിൽ വിശദീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബി.ജെ.പി – സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖാർഗെ പരാതിപ്പെട്ടത്.