ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. സിജെപിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് ഇടപെടലിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു.
ഇപ്പോൾ, സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം മുൻ മത്സരാർഥി ദിയ സന. പ്രതിഷേധക്കാരുടെ ജീവന് പോലും സുരക്ഷയില്ലാത്ത തരത്തിലാണ് ഡൽഹി പൊലീസിന്റെ പെരുമാറ്റമെന്നാണ് ദിയ സന ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
“ഞാനിപ്പോള്‍ ദില്ലിയിലാണ് ഉള്ളത്. വളരെ സങ്കടകരമായ ഒരു അവസ്ഥയിലാണ് ഞാന്‍ സംസാരിക്കുന്നത്. എങ്ങനെ പറയണമെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കാനായിട്ട് വന്നതാണ്. സമരത്തില്‍ പങ്കെടുക്കുന്ന സമയത്ത് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. കുറേ കെമിക്കലുകളൊക്കെ മനുഷ്യരുടെ ശരീരത്തിലേക്ക് പ്രയോഗിക്കുന്നുണ്ട്. ചൊറിയുന്നു, ദേഹമാസകലം നീറുന്നു, രണ്ട് മൂന്ന് വട്ടം കുളിച്ചിട്ടൊന്നും അത് പോകുന്നില്ല. ഇവിടുത്തെ പൊലീസ് ഗുണ്ടകളായിട്ടാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യരെയൊക്കെ ഉപദ്രവിക്കുകയാണ്. വല്ലൊത്തൊരു അവസ്ഥയാണ്. വളരെ സമാധാനപരമായിട്ട് തന്നെയാണ് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്നതല്ലാതെ സമരത്തില്‍ പങ്കെടുക്കുന്ന ഒരാളും ഒരു അക്രമവും കാണിച്ചിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല പൊലീസുകാര്‍ ഇങ്ങനെ അക്രമം കാട്ടുന്നത്.
എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവുന്നില്ല. എത്ര മനുഷ്യരാണ് നിരാഹാരം കിടക്കുന്നതെന്ന് അറിയാമോ? സങ്കടകരമാണ് ഇവിടുത്തെ അവസ്ഥ. ഒരു ആവശ്യമാണ് ഈ സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ മനുഷ്യരോട് കാണിക്കുന്ന വലിയ വൃത്തികേടാണ് ഇത്. മനുഷ്യന്‍റെ ജീവന് ഒരു രീതിയിലുള്ള ഗ്യാരന്‍റിയും ഇല്ലാതെയാണ് മനുഷ്യരോട് ഇവിടുത്തെ സര്‍ക്കാരും പൊലീസും പെരുമാറുന്നത്. ഗുണ്ടാ പൊലീസ് ആണിത്.”
അവതാരക രഞ്ജിനി ഹരിദാസും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലെ പ്രതിഷേധവേദിയിലെത്തിയിട്ടുണ്ട്.
