
ന്യൂഡൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ നേരിടുന്നതിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ആത്മവിശ്വാസം പുലർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലെ സംഭാഷണവും രാഹുൽ ഗാന്ധി യോഗത്തിൽ ഓർമ്മിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിൽ താൻ എതിർപ്പ് അറിയിച്ചപ്പോൾ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രീതിയാണ് താനും പിന്തുടരുന്നതെന്ന് മോദി പറഞ്ഞതായും രാഹുൽ അറിയിച്ചു. ഇന്ദിരാഗാന്ധി പിന്നീട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാര്യം താൻ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഞങ്ങൾ പോകുമ്പോൾ നിങ്ങൾ വരും’ എന്ന് മോദി പറഞ്ഞതായും രാഹുൽ അവകാശപ്പെട്ടു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവും രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെയും വോട്ടർപട്ടികയിലെയും ക്രമക്കേടുകളിലൂടെയാണ് തിരഞ്ഞെടുപ്പ് ‘മാച്ച് ഫിക്സിങ്’ നടന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ നേരത്തെ പലരും വിശ്വസിച്ചിരുന്നില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ തന്റെ വാദങ്ങൾക്ക് ശക്തി പകരുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
