മൂവാറ്റുപുഴ: വിദ്യാലയത്തിന്റെ കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കരുതെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കത്ത്. മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അവറാച്ചൻ ഉന്നതിയിൽ കള്ള് ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് നിർമല ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഇവാനിയ മരിയ സജേഷ് മുഖ്യമന്ത്രിയെ നേരിട്ട് സമീപിച്ചത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി സമരം തുടരുന്നതിനിടെയാണ് കുട്ടിയുടെ ഹൃദയസ്പർശിയായ കത്ത് ശ്രദ്ധേയമായത്.
അമ്പതിലധികം കുട്ടികൾ ദിവസവും കളിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലത്താണ് കള്ള് ഷാപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സമരത്തിന്റെ ഭാഗമായി പ്രദേശത്ത് ഉണ്ടായ സംഘർഷവും അത് കുട്ടികളിൽ സൃഷ്ടിച്ച ഭയവും കത്തിൽ പങ്കുവയ്ക്കുന്നുണ്ട്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
“കുറെ ദിവസങ്ങളായി ഞങ്ങളുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഈ ഷാപ്പിനെതിരെ സമരത്തിലാണ്. ഇന്നലെ ക്ലാസ് ഇല്ലാതിരുന്നതിനാൽ ഞങ്ങളും സമരപ്പന്തലിൽ പോയിരുന്നു. അവിടെ പൊലീസും കള്ള് ഷാപ്പിന്റെ ആൾക്കാരും നാട്ടുകാരും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയി. സർ, കള്ള് ഷാപ്പ് ഇവിടെ നിന്ന് മാറ്റിത്തരാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ… എന്ന് വിശ്വസിച്ചു കൊണ്ടാണ് ഈ കത്ത് എഴുതുന്നത്. അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർഥമായി ഞാൻ വിശ്വസിക്കുന്നു.” – വിദ്യാർഥിനി കത്തിൽ പറയുന്നു.
