ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടനാ ചുമതലയിലേക്ക് മടങ്ങുന്നതായി സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനത്തിൽ നിന്നുള്ള രാജിക്കത്ത് ഉടൻ പ്രധാനമന്ത്രിക്ക് കൈമാറും. രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.
എന്നാൽ, അദ്ദേഹം ദേശീയ തലത്തിലോ കേരളത്തിലോ സംഘടനാ ചുമതല ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പശ്ചിമ ബംഗാൾ പര്യടനത്തിലുള്ള പ്രധാനമന്ത്രി മടങ്ങിയെത്തിയാലുടൻ ജോർജ് കുര്യൻ നേരിട്ട് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. 2024 ജൂൺ 9നാണ് മൂന്നാം മോദി സർക്കാരിൽ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും ജോർജ് കുര്യൻ പരാജയപ്പെട്ടിരുന്നു. ബിജെപിയിൽ സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർ കമ്മിറ്റിയംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
