ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ പഴയ ആളല്ലെന്നും, പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പണ്ട് എതിർക്കേണ്ടി വന്ന കോൺഗ്രസിനൊപ്പം ചേർന്ന് അവരെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. സുധാകരൻ ഇനിയും രാഷ്ട്രീയ ജീർണ്ണതയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ പാർട്ടിക്കുള്ളത് വലിയ കരുത്താണ്. അത് ഒരാളെ മാത്രം ആശ്രയിച്ചുള്ളതല്ല. ജില്ലയിലെ സഖാക്കളും ജനങ്ങളും പാർട്ടിക്കൊപ്പമാണ് ഉറച്ചുനിൽക്കുന്നത്. അതുകൊണ്ടുതന്നെ അവസരവാദികളുടെ നിലപാടുകൾ പാർട്ടിയെ ഒട്ടും ബാധിക്കില്ല. കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചതിലെ ദയനീയത മറ്റൊരു വശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി. സുധാകരൻ കോൺഗ്രസിലേക്ക് പോകാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും നേരത്തെ തന്നെ ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഐഎമ്മിന്റെ 15,000 വോട്ടുകൾ തനിക്ക് കിട്ടുമെന്ന് അദ്ദേഹം കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചിട്ടുണ്ടാകാം. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുകൾ നേടി ജയിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
അമ്പലപ്പുഴ ദീർഘകാലമായി എൽഡിഎഫ് വിജയിക്കുന്ന മണ്ഡലമാണ്. അവിടെ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുടെ കൂടി സഹായം തേടുന്ന അവസ്ഥയിലേക്ക് സുധാകരൻ അധഃപതിച്ചു. ഞങ്ങളെ തകർക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്. അമ്പലപ്പുഴ ഇത്തവണയും എൽഡിഎഫിനൊപ്പം നിൽക്കുമെന്നും എച്ച്. സലാം തന്നെ വിജയിക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
