മലപ്പുറം ജില്ലയിൽ അഞ്ചു കിലോയുടെ ചെറിയ പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ പാചകത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന ഈ സിലിണ്ടറുകൾ കിട്ടാതായതോടെ പലരും സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. വാണിജ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് എണ്ണക്കമ്പനികൾ ഈ ചെറിയ സിലിണ്ടറുകളുടെ വിതരണം ആദ്യഘട്ടത്തിൽ തന്നെ നിർത്തിവെച്ചിരുന്നു. നിലവിൽ സ്റ്റോക്കുള്ള ചില ഏജൻസികൾ മാത്രമാണ് ഇവ നിയന്ത്രിതമായി വിതരണം ചെയ്യുന്നത്.
മറ്റു പാചക സൗകര്യങ്ങളില്ലാത്ത ഇതര സംസ്ഥാനക്കാർ സിലിണ്ടർ തേടി ഏജൻസികളിൽ എത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും നിരാശരായി മടങ്ങുകയാണ്. ഈ സാഹചര്യം തുടരുന്നത് നിർമ്മാണ മേഖലയെയും മറ്റും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഹോട്ടൽ മേഖലയിൽ പ്രതിസന്ധി
റമസാൻ മാസത്തിന് ശേഷം തുറക്കാറുള്ള ഹോട്ടലുകൾ പാചകവാതക ക്ഷാമം മൂലം പ്രവർത്തനം പുനരാരംഭിക്കാൻ വൈകുകയാണ്. സാധാരണഗതിയിൽ പെരുന്നാളും ആറു നോമ്പും കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഹോട്ടലുകൾ സജീവമാകാറുണ്ട്. എന്നാൽ ഇത്തവണ ഇന്ധന പ്രതിസന്ധി വലിയ തടസ്സമായി നിൽക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ 10 മുതൽ 20 ശതമാനം വരെ ഹോട്ടലുകൾക്ക് നൽകാമെന്ന് ചില എണ്ണക്കമ്പനികൾ അറിയിച്ചിരുന്നെങ്കിലും ഏജൻസികൾക്ക് കൃത്യസമയത്ത് സിലിണ്ടറുകൾ ലഭിക്കാത്തത് തിരിച്ചടിയാകുന്നു.
അതേസമയം, ചില സ്വകാര്യ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടർ വിതരണം തുടരുന്നുണ്ട്. 17 കിലോയുടെ പുതിയ തരം സിലിണ്ടറുകൾക്കായി വലിയ വില ഈടാക്കി പ്രീമിയം മാതൃകയിൽ ബുക്കിംഗ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്
