
കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ പിഴവുകൾ തിരുത്തി പുതിയ അപ്പീൽ ഫയൽ ചെയ്തു. പ്രതിയുടെ പേര് മാസ്ക് ചെയ്തുകൊണ്ടാണ് പുതിയ അപ്പീൽ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കോടതിയാണ് നിലവിൽ ഈ ഹർജി പരിഗണിക്കുന്നത്.
അപകടസമയം വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 108 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. യാതൊരുവിധ രേഖകളും പരിശോധിക്കാതെയാണ് ജുവനൈൽ ബോർഡ് പ്രതിക്ക് പ്രഥമിക ഘട്ടത്തിൽ ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. ശക്തമായ മഴയുള്ള സമയത്ത് അപകടസാധ്യത അറിയാമായിരുന്നിട്ടും, ഒറ്റക്കൈകൊണ്ട് വാഹനം ഓടിക്കുകയും സെൽഫി എടുക്കുകയും ചെയ്യുക വഴി അതീവ ജാഗ്രതക്കുറവാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിൽ പ്രതിയെ ഒബ്സർവേഷൻ റൂമിൽ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതിനിടെ, അപകടം നടന്ന സ്ഥലത്ത് അഡീഷണൽ ജഡ്ജിയടക്കമുള്ളവർ എത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. പ്രതിയായ പതിനേഴുകാരനും അച്ഛനായ ജഡ്ജിയും സുഹൃത്തുക്കളും ചേർന്ന് അപകടസ്ഥലത്ത് മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ കേസിന്റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും, അതിനാൽ ഇപ്പോൾത്തെ നിഗമനങ്ങളിൽ എത്തിച്ചേരേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. പ്രായപൂർത്തിയാകാത്ത കുട്ടികൾ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ ഉടൻതന്നെ അവരുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കണമെന്നത് നിയമപ്രകാരമുള്ള ബാധ്യതയാണെന്നും കോടതി ഓർമ്മിപ്പിച്ചു.
