
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് സാധാരണയായി ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അറിയിച്ചു. ചുടുകല്ല് ഉപയോഗിച്ച് തയ്യാറാക്കുന്ന അടുപ്പുകൾ പൊങ്കാലയ്ക്ക് ശേഷം നീക്കം ചെയ്യുന്നതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചുടുകല്ലടുപ്പുകൾ പരമാവധി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് മേയറുടെ നിർദേശം.
ഘട്ടങ്ങളായി ഈ മാറ്റം കൊണ്ടുവരാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകളിലേക്ക് മാറുന്നതിലൂടെ പൊങ്കാല സമയത്തുണ്ടാകുന്ന പുകയും പൊടിയും കുറയ്ക്കാൻ കഴിയുമെന്നും, അതോടൊപ്പം മാലിന്യപ്രശ്നം വലിയൊരു പരിധി വരെ ലഘൂകരിക്കാനാകുമെന്നുമാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. സ്ഥിരം അടുപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സംഘാടകരും സന്നദ്ധരാകണമെന്നും മേയർ അഭ്യർത്ഥിച്ചു.
