തിരുവനന്തപുരം: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി ട്രോമയിൽ നിന്ന് മുക്തമായിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. അതുപോലെ പ്രഖ്യാപിച്ച തുകയുടെ 50% കുട്ടികളുടെ പേരിൽ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുമെന്നും എല്ലാ മാസവും 5000 രൂപ കുട്ടികൾക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഷിബു ബേബി ജോൺ വിമർശിക്കുകയും ചെയ്തു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ പ്രതിപക്ഷ നേതാവ് എത്തിയത് നല്ല കാര്യമാണെന്നും പക്ഷേ പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജില്ലയിൽ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. അന്ന് ഏതെങ്കിലും ഒരു വീട്ടിൽ പോയിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ വനംമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു. നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചതെന്നും ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
