Home » Blog » kerala Max » ചക്രവാതച്ചുഴികൾ; കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
13

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നിലവിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ (18/10/2026) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഒക്ടോബർ 19-ന് (19/10/2026) പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ഒക്ടോബർ 20-ന് (20/10/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ തുലാവർഷം തുടങ്ങിയതായും രാജ്യത്ത് കാലവർഷം പൂർണമായും പിൻവാങ്ങിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും തെക്കൻ തമിഴ്‌നാട് തീരത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴികളാണ് മഴ ശക്തമാകുന്നതിന് കാരണം. റോഡുകളിൽ വെള്ളക്കെട്ടും വാഹനങ്ങൾക്ക് കാഴ്ചക്കുറവും കാരണം ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകാം.മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കും. വീടുകൾക്കും താൽക്കാലിക ഷെൽട്ടറുകൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിക്കാം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത നിർമ്മിതികൾക്ക് നാശം വരുത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ കഴിയാൻ നിർദ്ദേശമുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *