കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സിദ്ധരാമയ്യ സമയം തേടി. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറുമെന്ന മുൻ ധാരണ പ്രകാരം പദവി വേണമെന്ന ആവശ്യത്തിൽ ഡി.കെ. ശിവകുമാർ പക്ഷം ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിലും കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സിദ്ധരാമയ്യ ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ കർണാടകയിലെ മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. നേതൃമാറ്റ ചർച്ചകൾ സജീവമായതോടെ കർണാടക കോൺഗ്രസിനുള്ളിൽ മറ്റ് ആവശ്യങ്ങളും ഉയർന്നുതുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി വേണമെന്ന നിലപാടിലാകും സിദ്ധരാമയ്യ.
