തൃശ്ശൂർ: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ കയറാൻ സ്കൂൾ വിദ്യാർത്ഥികൾ കണ്ടക്ടറോട് യാചിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ, ബസ് ജീവനക്കാർക്കെതിരെ കടുത്ത നിലപാടുമായി എസ്.എഫ്.ഐ. വിദ്യാർത്ഥി കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും അത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും വ്യക്തമാക്കിയ സംഘടന, വിദ്യാർത്ഥികളോട് ക്രൂരത കാണിക്കുന്ന ബസ് മുതലാളിമാരെ പൊതുനിരത്തിൽ ശക്തമായി പ്രതിരോധിക്കുമെന്നും പ്രഖ്യാപിച്ചു.
നാല് വിദ്യാർത്ഥികളെ മാത്രം കയറ്റിയ ശേഷം, മറ്റ് കുട്ടികൾ എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും ബസിൽ കയറ്റാൻ വിസമ്മതിച്ച് യാത്ര തുടരുന്ന ബസ് ജീവനക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയതിലുള്ള പ്രതികാരമാണ് സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് തീർക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വടക്കാഞ്ചേരിയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. എല്ലാ അധ്യയനവർഷത്തിന്റെ തുടക്കത്തിലും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഏറ്റുമുട്ടേണ്ടി വരുന്ന ഒരു വ്യവസായമായി സ്വകാര്യ ബസ് ഓപ്പറേറ്റർമാർ മാറിയിരിക്കുകയാണ്. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന സർക്കാർ, വിദ്യാർത്ഥികളുടെ കൺസെഷൻ കാര്യത്തിൽ കൃത്യമായ നിയമനിർമ്മാണവും അതിന്റെ പാലനവും ഉറപ്പാക്കണം.
ബസ് മുതലാളിമാർക്കും തൊഴിലാളികൾക്കും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർ സർക്കാരിനെയാണ് സമീപിക്കേണ്ടത്. അതിന് കുട്ടികളുടെ മേലാണോ കുതിര കയറേണ്ടത്? കുട്ടികൾ എന്ത് പിഴച്ചു? പിഎസ് സഞ്ജീവ് ചോദിച്ചു. വടക്കാഞ്ചേരിയിലെ സംഭവം പൊതുസമൂഹത്തിന് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പ്രതികരിച്ചു. ഭരണകൂട നയങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താൻ വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനും അവരുടെ മുകളിൽ കുതിരകയറാനും ഒരു ബസ് മുതലാളിയെയും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ബസ്സുകളെല്ലാം ഓടുന്നത് പൊതുനിരത്തിലൂടെയാണെന്ന കാര്യം ബസ് ഉടമകൾ ഓർക്കുന്നത് നന്നായിരിക്കുമെന്നും, വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
