ജൂലൈ 30 മുതൽ ആരംഭിക്കുന്ന കൻവർ (കാവടി) യാത്ര പ്രമാണിച്ച് ഡൽഹിയിൽ കർശന നടപടികളുമായി മുനിസിപ്പൽ കോർപ്പറേഷൻ. യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ലൈസൻസുള്ള ഔട്ട്ലെറ്റുകൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് കോർപറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തീർത്ഥാടനവും മുന്നൊരുക്കങ്ങളും
ജൂലൈ 30 മുതൽ ഓഗസ്റ്റ് 11 വരെയാണ് കൻവർ യാത്ര നടക്കുന്നത്. ഇതിന്റെ ഭാഗമായി ദില്ലിയിലുടനീളം 308 കൻവർ ക്യാമ്പുകൾ പ്രവർത്തിക്കും. തീർത്ഥാടനത്തിന് മുന്നോടിയായി ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിച്ചുവെന്ന് മുഴുവൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർമാരും ഉറപ്പാക്കണമെന്ന് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. യാത്രാ റൂട്ടുകളിൽ അനധികൃത ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ
കൻവർ ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ എല്ലാ സോണുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രയിലുടനീളം ശുചീകരണം ഉറപ്പാക്കുന്നതിനായി വിവിധ ഷിഫ്റ്റുകളിലായി മുഴുവൻ സമയവും ജീവനക്കാരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
അയൽ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ
കൻവർ യാത്രയോടനുബന്ധിച്ച് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലും വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത ഇറച്ചിക്കടകൾ പൂട്ടുന്നതുൾപ്പെടെയുള്ള നടപടികളും കർശന ഗതാഗത നിയന്ത്രണങ്ങളുമാണ് വിവിധയിടങ്ങളിൽ നടപ്പിലാക്കുന്നത്. ശ്രാവണ മാസത്തിൽ ശിവപ്രീതിക്കായി ശിവഭക്തർ ഗംഗാജലം ശേഖരിച്ച് ചുമലിലേറ്റി ശിവക്ഷേത്രങ്ങളിലേക്ക് നടത്തുന്ന വാർഷിക ആചാരമാണ് കൻവർ യാത്ര.
