Home » Blog » kerala Max » ക്രൈം ത്രില്ലർ ‘ആരം’ നാളെ തിയറ്ററുകളിൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് എത്തുന്നു. രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു.എ. 16+ (UA 16+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിക്കുന്ന ചിത്രം ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹ അന്വേഷണവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന അപ്രതീക്ഷിത വഴിതിരിവുകൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ  രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം രോഹിത് ഗോപാലകൃഷ്ണനാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികൾക്ക് ഹരിചരൺ, സിതാര കൃഷ്ണകുമാർ, സയനോര തുടങ്ങി പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. റോവാൻ എന്റർടെയ്ൻമെന്റ്സ് & ഗുഡ് ഫെല്ലാസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *