കാട്ടാന ആക്രമണ വിഷയത്തിൽ തനിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ‘നിരുത്തരവാദപരമായ സമീപനം’ എന്ന വിമർശനത്തിന് മറുപടിയുമായി വനം മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥരും കാട്ടാനകളും പഴയപടി തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നതറിഞ്ഞ് ആന ഇറങ്ങിയതാണോ എന്ന് അറിയില്ലെന്നും പറഞ്ഞ മന്ത്രി, പിണറായി വിജയന്റെ വിമർശനത്തിന് തൽക്കാലം മറുപടി നൽകുന്നില്ലെന്നും വ്യക്തമാക്കി.
അതേസമയം, ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരന്റെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക സഹായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവി ആക്രമണങ്ങളിൽ നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്നും, അപകട ഇൻഷുറൻസ് ട്രിബ്യുണലിന്റെ മാതൃകയിൽ പുതിയ നഷ്ടപരിഹാര പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും മന്ത്രി ഉന്നയിച്ചു. മുൻകാലങ്ങളിൽ വനംവകുപ്പിന് അനുവദിച്ച തുകയുടെ പകുതി പോലും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംയോജിത പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കാൻ ഫണ്ട് ആവശ്യമാണെന്നും, ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
