കോഴിക്കോട്: നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടതായും പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഷിഗെല്ല ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54കാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല രോഗവും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കോഴിക്കോട് ജില്ലയിലാണ്. ജൂൺ മാസത്തിൽ മാത്രം 40-ലധികം കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ ഉണ്ടാകുന്നത്. കുടലിനെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. വയറിളക്കമാണ് പ്രധാന ലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്ത പക്ഷം രോഗം ഗുരുതരമാകാനും മരണത്തിനും കാരണമാകാനും സാധ്യതയുണ്ട്.
മലിനജലം, വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണം, രോഗബാധിതരുമായി സമ്പർക്കം എന്നിവയിലൂടെ രോഗം പകരാം. രോഗബാധയുള്ളവർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ രോഗബാധയുള്ളയാളുമായി സമ്പർക്കത്തിൽ വന്നതിന് ശേഷം ഒന്നോ രണ്ടോ ദിവസത്തിനകം തുടങ്ങാം. ചിലപ്പോൾ ഒരാഴ്ചയ്ക്ക് ശേഷവും ലക്ഷണങ്ങൾ പ്രകടമാകാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിക്കുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
