ഐപിഎൽ 2026 സീസണിൽ കളിക്കാർക്കും ടീമുകൾക്കും കർശനമായ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് ബിസിസിഐ. കളിക്കളത്തിലെ അച്ചടക്കവും പ്രൊഫഷണലിസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം, വസ്ത്രധാരണം, കുടുംബാംഗങ്ങളുടെ പ്രവേശനം എന്നിവയിൽ പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
മത്സരദിവസങ്ങളിൽ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത് ബിസിസിഐ പൂർണ്ണമായും വിലക്കി. പിച്ചിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും താരങ്ങൾക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം. വസ്ത്രധാരണത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളിൽ കൈയില്ലാത്ത ജേഴ്സികളോ ചെരുപ്പുകളോ ധരിക്കാൻ പാടില്ല. ടീമിന്റെ ഔദ്യോഗിക ഷൂസും ജേഴ്സിയും ധരിച്ചുവേണം താരങ്ങൾ ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ. നിയമം ലംഘിക്കുന്നവർക്ക് ആദ്യം താക്കീതും പിന്നീട് വൻ തുക പിഴയും ഈടാക്കും.
പരിശീലന വേളകളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടാകില്ല. ഇവർക്ക് ഹോസ്പിറ്റാലിറ്റി ഏരിയയിൽ ഇരുന്നുമാത്രമേ പരിശീലനം കാണാൻ സാധിക്കൂ. കൂടാതെ, പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തുന്നതും തിരിച്ചുപോകുന്നതും ടീം ബസ്സിൽ മാത്രമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഓറഞ്ച്, പർപ്പിൾ ക്യാപ് ജേതാക്കൾ മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളിലെങ്കിലും നിർബന്ധമായും ക്യാമറകളിൽ പതിയും വിധം തൊപ്പി ധരിക്കണമെന്ന നിർദ്ദേശവും പുതിയ പെരുമാറ്റച്ചട്ടത്തിലുണ്ട്.
